Saturday, December 18, 2010

എം ത്രീ ഡി ബി (m3db)--ഉദ്ഘാടനം


മലയാള സിനിമയുടേയും സംഗീതസംബന്ധിയായ വിവരങ്ങളുടേയും സമ്പൂര്‍ണ്ണ ശേഖരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന m3dbയുടെ (Malayalam Movie & Music DataBase) ഔദ്യോഗികമായ ഉദ്ഘാടനം ഡിസംബര്‍ 20ന്‌ പാലക്കാട് മൃണ്മയിയില്‍ പ്രശസ്ത സംഗീതസംവിധായകന്‍ ശ്രീ. ജോണ്‍സണ്‍ മാസ്റ്ററും, ശ്രീ. പി. ടി കുഞ്ഞുമുഹമ്മദും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. കാര്യപരിപാടികളും ഉദ്ഘാടനത്തിന്റെ മറ്റു വിശദാംശങ്ങളും ഇതിനോടൊപ്പമുള്ള ക്ഷണപത്രത്തില്‍ നിന്ന് ലഭ്യമാണ്.



Sunday, April 11, 2010

വിഷു ആശംസകള്‍


ഒരു വേനലേല്‍പ്പിച്ച നോവുകള്‍ക്കൊക്കെയും
പകരമായ് കൊന്നകള്‍ പൂത്തൂ
ഇളയുടെ മാറിലീസൌവര്‍ണ്ണപുഷപങ്ങള്‍
നിറമാര്‍ന്നൊരോര്‍മ്മപോല്‍ പുഞ്ചിരിച്ചൂ.................

എല്ലാവര്‍ക്കും നന്മ നിറഞ്ഞ വിഷു ആശംസിക്കുന്നു.....

ഒരു പഴയ വിഷുഗീതം ഇവിടെ കേള്‍ക്കാം.

Tuesday, February 9, 2010

ഒരു യുഗ്മഗാനം

M:
ചെമ്പനീര്‍പ്പൂനിന്‍ മുടിയില്‍ ചാര്‍ത്തീ
കൈകളിലാകെ സൌരഭ്യം-എന്‍
കൈകളിലാകെ സൌരഭ്യം
F:
*പൂവുനല്‍കീടുന്ന കൈയില്‍നിന്നും
പോവുകയില്ലാ സുഗന്ധം—എങ്ങും
പോവുകയില്ലാ സുഗന്ധം



M:
താരകാകീര്‍ണ്ണമാം ആകാശമച്ചകം
കാണുന്നുവോ ദൂരെ ദൂരേ?
F:
താനേതിരിയുന്നൊരീ നല്ല ഭൂമിയെ
രാകേന്ദു നോക്കിയിരിപ്പൂ
M and F:
സ്നേഹമാം കാന്തികരശ്മികളാല്‍ നമ്മെ
മാറോടു ചേര്‍ക്കുന്നു ഭൂമി
വാത്സല്യധാരയാം ഭൂമി



M:
രാഗിണീ, നിന്‍ നീള്‍മിഴികളിലിന്നെന്‍റ്റെ
രൂപമല്ലോ തെളിയുന്നൂ
F:
കാമുകാ, നിന്‍ പ്രേമഗീതിയിലാകെയെന്‍
രാഗമല്ലോ നിറയുന്നൂ
M and F:
ജന്മാന്തരസ്നേഹനൂലിലാരോ കോര്‍ത്ത
പൊന്നിലഞ്ഞിപ്പൂക്കള്‍ നമ്മള്‍
നല്ലിലഞ്ഞിപ്പൂക്കള്‍ നമ്മള്‍
=======================================================
* "The fragrance always stays in the hand that gives the rose." --Hada Bejar

Wednesday, December 30, 2009

അനുയാത്ര

അനുരാഗവാഹിനീതീരത്തിനപ്പുറം,
അതിലോലചിന്താപ്രവാഹത്തിനപ്പുറം,
അഴലുമാഹ്ലാദവുമിടചേര്‍ന്നുനിന്നിടും
അതിദീര്‍ഘജീവിതപ്പാത നാം കണ്ടിടും
അറിയാത്തൊരാവഴി നീളെയെന്‍കൂടവേ
അനുയാത്ര ചെയ്യുവാന്‍ നീവരില്ലേ..........................


എല്ലാവര്‍ക്കും പുതുവര്‍ഷാശംസകള്‍!

Saturday, November 14, 2009

സച്ചിനൊരു ഗാനം.............




കാളിദാസമഹാകവി, രഘുവംശമഹാകാവ്യത്തിന്‍റ്റെ തുടക്കത്തില്‍ വാക്കുമര്‍ത്ഥവും പോലെ ഇണങ്ങിച്ചേര്‍ന്നിരിക്കുന്ന പാര്‍വ്വതീപരമേശ്വരന്മാരെ വണങ്ങുന്നുണ്ട്. വാരിധി തന്നില്‍ തിരമാലകളെന്നപോലെ ഭാരതീപദാവലി തോന്നേണം കാലേ കാലേ എന്നു വാണീമാതാവിനോട് തുഞ്ചത്താചാര്യനും അപേക്ഷിക്കുന്നു. അന്താരാഷ്ട്രക്രിക്കറ്റില്‍ സുവര്‍ണ്ണ ലിപികളിലെഴുതപ്പെട്ട 20 വര്‍ഷങ്ങള്‍ തികച്ച പ്രിയപ്പെട്ട സച്ചിനെക്കുറിച്ചെഴുതാനിരിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള കളിയെഴുത്തുകാരും ഇത്തരമൊരു പ്രാര്‍ത്ഥന ഉരുവിടുന്നുണ്ടാവും.

വെള്ളത്തിനു മുകളിലൂടെ നടക്കുവാനും, ശൂന്യതയില്‍ നിന്നും വസ്തുക്കള്‍ സൃഷ്ടിക്കാനും കഴിവുള്ള മായാജാലക്കാരനല്ല സച്ചിന്‍. അഞ്ചടി അഞ്ചിഞ്ചുള്ള ആ ശരീരത്തിലും മജ്ജയും മാംസവും രക്തവും തന്നെയാണുള്ളത്. എങ്കിലും, അദ്ദേഹത്തില്‍ നാമെന്തോ സവിശേഷത കാണുന്നു. കവി പാടിയപോലെ:

പെരുത്തു നൂറ്റാണ്ടിനിടയ്ക്കൊരൊക്കലീ
മരുപ്പറമ്പാമുലകത്തിലീശ്വരന്‍
ഒരുറ്റവൃക്ഷത്തെ നടുന്നു, പാന്ഥരായ്
വരുന്നവര്‍ക്കുത്തമ വിശ്രമത്തിനായ്

ആ വൃക്ഷം ജനതതികള്‍ക്കു തണലായിനില്ക്കുവാന്‍ തുടങ്ങിയിട്ടു കാലമെത്രയായി. വരുംതലമുറകള്‍ക്കു വേണ്ടിയും നീയവിടെത്തന്നെ നില്ക്കുക....കണ്ടു കൊതിതീര്‍ന്നിട്ടില്ല സച്ചിന്‍!!!

--------------------------------------
ഇരുപതാണ്ടുകള്‍ പാടിയഗാനം
ശമസുന്ദരമാം നിന്‍ഗാനം
ഇളയാംതംബുരു മീട്ടും ശ്രുതിയില്‍
ഇനിയും പാടൂ പ്രിയ സച്ചിന്‍
ഇനിയും പാടൂ പ്രിയ സച്ചിന്‍

കാലമൊഴുകുന്നൂ നദി പോലേ, നീ
കാവ്യമെഴുതുന്നൂ കവി പോലേ
അമൃതം നുകരാന്‍ നില്പൂ ഞങ്ങള്‍
കളിയഴകേ....അഴകേ....
കളിയഴകേ....അഴകേ....

കാറ്റിലണയുന്നൂ സുഖഗന്ധം, നിന്‍
ബാറ്റിലുണരുന്നൂ ഭൂപാളം
അരുതേ നിര്‍ത്തരുതേ നിന്‍ ഗീതം
അരുതരുതേ....അരുതേ....
അരുതരുതേ....അരുതേ....
--------------------------------------
(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍)

Tuesday, October 13, 2009

മൗനത്തിന്‍റ്റെ സംഗീതം



മൗനം സംഗീതമാണ്. ഉച്ഛസ്ഥായിയിലുള്ള ശബ്ദമാണ്‌ മൗനമെന്നൊരുപക്ഷമുണ്ട്. ശബ്ദബ്രഹ്മവും അനാഹതമാണല്ലോ. താരസ്ഥായിക്കപ്പുറമാണോ, അതോ അനുമന്ദ്രസ്ഥായിക്കപ്പുറമാണോ മൗനം? എവിടെയാകിലും മൊഴിമുത്തുകളേക്കാള്‍ ചിലപ്പോള്‍ ധ്വനനശേഷിയുള്ള ആ നിറവ് നാം അനുഭവിച്ചിട്ടുണ്ടാവും. മൗനത്തിന്‍റ്റെ സംഗീതം നമ്മെ അനുഭവിപ്പിച്ച പല സംഗീതകാരന്മാരുമുണ്ട്. ജോണ്‍ കേജിന്‍ന്റെ 4'33'' (Four Minutes Thirty-Three Seconds of Silence) ഇത്തരത്തില്‍ പ്രസിദ്ധവുമാണ്‌. കവിതകളിലും ഭാവഗാനങ്ങളിലും മൗനത്തെ സന്നിവേശിപ്പിച്ച എഴുത്തുകാരും വിരളമല്ല. മലയാളഗാനങ്ങളില്‍ മൗനത്തിന്‍റ്റെ വാഗ്മിത്വം നാം എത്രയോതവണ കേട്ടിരിക്കുന്നു. ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകളില്‍ പകരാതെ, മാനസഭാവങ്ങള്‍ മൗനത്തിലൊളിപ്പിച്ചിരിക്കുന്നവനെകിലും, കാമുകിയുടെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ തൊട്ടറിയുന്ന കാമുകന്‍റ്റെ ചിത്രം ഓര്‍ക്കുന്നില്ലേ? ഈ ചിത്രം വരച്ചിട്ട ഓ.എന്‍.വി കുറുപ്പിന്‍റ്റെ ഗാനങ്ങളില്‍ മിക്കതിലും പറയുവാനാശിച്ചതെല്ലാം പറഞ്ഞുതീര്‍ക്കാത്ത കമിതാവിനെക്കാണുവാന്‍ കഴിയും.


കടല്‍വെള്ളത്തിന്‍റ്റെ സവിശേഷതകളെപ്പറ്റിപ്പഠിയ്ക്കുവാന്‍ നമ്മുടെ പരീക്ഷണനാളിയിലേയ്ക്ക് കടലിനെയപ്പാടെ ആവഹിക്കേണ്ടതില്ല. ഒരുതുള്ളിവെള്ളത്തില്‍ സമസ്തസ്വഭാവങ്ങളും മഹാസാഗരം പ്രകടിപ്പിക്കുന്നു. കലാസ്വാദനത്തില്‍ കാര്യം ചിലപ്പോള്‍ തിരിച്ചായേക്കാം. വീക്ഷണകോണുകള്‍ക്കനുസരിച്ച് തെളിഞ്ഞുവരുന്നതോരോ മുഖമാവാം, ഉള്‍ക്കാതുകള്‍ പിടിച്ചെടുക്കുന്നതോരോ പൊരുളാവാം. 'ഓ.എന്‍.വിയുടെ ഗാനങ്ങളിലെ മൗനം' എന്നത് ആ ഗാനങ്ങളൂടെ സവിശേഷതകളില്‍ ഒന്നുമാത്രമാണ്. അഭോഗചരണം എന്നൊന്നുണ്ട് കര്‍ണ്ണാടകസംഗീതത്തില്‍ ‍. ഗാനരചയിതാവിന്‍റ്റെ മുദ്രയുള്ള ചരണം. ഏതെങ്കിലും ചരണത്തില്‍ രചയിതാവ് തന്‍റ്റേയോ ഇഷ്ടദൈവത്തിന്‍റ്റേയോ പേര് (പര്യായം) എഴുതിയിട്ടുണ്ടാവും. 'പത്മനാഭ പന്നഗേന്ദ്രശയനാ ' എന്നത് സ്വാതിതിരുനാളിന്‍റ്റെ മിക്കരചനകളിലും കാണാം. പാട്ടാരെഴുതിയെന്നതറിയേണ്ടതില്ല, ആസ്വദിച്ചുകഴിയുമ്പോള്‍ മനസ്സിലാകും രചയിതാവാരെന്ന്. ഓ.എന്‍. വി കുറുപ്പിന്‍റ്റെ കുറേയേറെ ഗാനങ്ങളില്‍ 'മൊഴികളുടെ മണ്‍കുടത്തില്‍ നിറയാത്തൊരമൃത് ' അഭോഗചരണമെന്നതുപോലെ, ഒരു പഠിതാവിനു കണ്ടറിയാന്‍ സാധിയ്ക്കും.


മാനസഭാവങ്ങള്‍ മൗനത്തിലൊളിപ്പിച്ച കാമുകന്‍ പറയാതെ കൊക്കിലൊതുക്കിയതെല്ലാം ആ കൈവിരല്‍ത്തുമ്പിലൂടെ ഇത്തിരിസ്നേഹത്തിന്നക്ഷരങ്ങളായ് വാര്‍ന്നുവീണോ ? ഋതുശോഭയാകെപ്പകര്‍ന്നു നില്‍ക്കുന്ന പെണ്‍കിടാവിനോടായാലും കുഞ്ഞുപൂവിനോടായാലും കവി സംവദിയ്ക്കുന്നത് മൗനത്തിന്‍റ്റെ ഭാഷയിലാണ്. മൗനത്തിലൊതുങ്ങാത്ത ഭാവമുണ്ടോ, ഭാവഗീതമുണ്ടോ, മൊഴികളുണ്ടോ എന്നാണ്‌ കവി ചോദിയ്ക്കുന്നത്. ആ വരികള്‍ തന്നെ നമ്മോടു സംസാരിക്കട്ടെ:


സ്നേഹിച്ചുതീരാത്ത പൂവുകള്‍ , ആ വഴി
പോകുന്നനമ്മെയും നോക്കിനില്ക്കെ
വായിച്ചുതീരാത്ത മൗനത്തിന്‍ തേന്മൊഴി
കാതോര്‍ത്തു കേള്‍ക്കുകയായിരുന്നൂ-നമ്മള്‍
കാതില്‍ പകര്‍ത്തുകയായിരുന്നൂ

ലജ്ജയില്‍ മൂടിയ നിന്‍റ്റെ മൗനം
ഹൃദ്യമാം സംഗീതമായിരുന്നൂ-എത്ര
ഹൃദ്യമാം സംഗീതമായിരുന്നൂ-

പറയാതെ കൊക്കില്‍ ഒതുക്കിയതെല്ലാം
കൈവിരലിന്‍റ്റെ തുമ്പില്‍ തുടിച്ചുനിന്നൂ

മറ്റൊരു ഹൃത്തിലെ മൂകാനുരാഗത്തെ
തൊട്ടറിയാനെന്നപോലേ

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ
മാനസഭാവങ്ങള്‍ മൗനത്തിലൊളിപ്പിച്ചു
മാനിനീ ഞാനിരുന്നൂ

ആരോരുമറിയാതൊരാത്മാവിന്‍ തുടിപ്പുപോല്‍

മൗനത്തിലൊതുങ്ങാത്ത ഭാവമുണ്ടോ
ഭാവഗീതമുണ്ടോ മൊഴികളുണ്ടോ

പറയൂ ഞാനെങ്ങനെ പറയേണ്ടൂ
നീയിന്നുമറിയാത്തൊരെന്‍ സ്നേഹനൊമ്പരങ്ങള്‍
ഒരുമഞ്ഞുതുള്ളിതന്‍ ആഴങ്ങളില്‍ മുങ്ങിനിവരുമെന്‍
മോഹത്തിന്‍ മൗനത്താലോ

ആരോടും പറയാമൊഴികളിലെ നോവുകളാറുന്നൂ

സ്നേഹത്തിന്‍ പൂ മാത്രം ചോദിക്കുമെന്‍
മൗനത്തിന്‍ സംഗീതം നീ കേട്ടുവോ

മൗനങ്ങള്‍ മന്ത്രങ്ങളാകുന്നുവോ
മന്ത്രങ്ങള്‍ സംഗീതമാകുന്നുവോ

കമനി, നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തുവെച്ചതേതു രാഗം?

ഒന്നും മിണ്ടാതെയരികിലിരുന്നു നീ
തന്നൊരു ബന്ധുര നിര്‍വൃതിയ്ക്കും നന്ദി

മൂകതയുടെ സൌവര്‍ണ്ണപാത്രങ്ങളില്‍
മൂടിവെച്ചൊരെന്‍ മൗനമേപോരൂ

വാക്കില്‍ വന്നുദിയ്ക്കാത്തൊരാത്മമോഹങ്ങളേതോ
നോക്കില്‍ തുടിച്ചതു നീയറിഞ്ഞതില്ലാ

മൊഴികള്‍തന്‍ മണ്‍കുടത്തില്‍ നിറയാത്തൊരമൃതാരും
തിരയുന്നീലാ ആരും തിരയുന്നീലാ

പറയാത്തമൊഴികള്‍തന്‍ ആഴത്തില്‍ മുങ്ങിപ്പോയ്
പറയുവാനാശിച്ചതെല്ലാം-നിന്നോടു
പറയുവാനാശിച്ചതെല്ലാം

മൗനമാകും പളുങ്കുതാലത്തില്‍
ഞാനൊരുക്കുമീ പൂവുകള്‍
കാഴ്ചവെയ്ക്കുവാന്‍ നീ വരും വഴി
കാത്തുനില്ക്കുകയാണു ഞാന്‍

ഒരു മൗനംതേടി മൊഴികള്‍ യാത്രയായ്

മഴയുടെ സംഗീതമേളയായെന്നോതും
മഴവില്ലിന്‍ നിറമൗനം പോലേ

നിന്‍ മൗനമോ പൂബാണമായ്.....

ഒഴുകുന്ന താഴമ്പൂമണമിതു നാമിന്നും
പറയാതെയോര്‍ത്തിടും
അനുരാഗഗാനം പോലേ

നീ ഒരുവാക്കും പറഞ്ഞീലാ

ഇന്ദ്രിയജാലക വിരിതന്‍ മറവില്‍
എന്‍ മോഹം നിശബ്ദമിരുന്നൂ

മൂകമാമെന്‍ പ്രേമധാരയില്‍
പൂവിടും സുസ്വരബിന്ദു

നിന്‍റ്റെ ശാലീനമൗനമാകുമീ
പൊന്മണിച്ചെപ്പിന്നുള്ളിലായ്
മൂടിവെച്ച നിഗൂഢഭാവങ്ങള്‍
പൂക്കളായ്, ശലഭങ്ങളായ്

അതിലോലമൊരുപൂവിന്‍ ഇതളുകള്‍ വിരിയുമ്പോള്‍
അതിലൊരു സംഗീതമുണ്ടോ

വാക്കിലും നോക്കിലും മൗനസ്‌മിതത്തിലും
വാര്‍ന്നതു സുസ്‌‌നേഹഗന്ധം

വാക്കുകള്‍ക്കുമതീതമായെന്നില്‍ നിന്‍-
നേര്‍ക്കെഴുന്നൊരീ സ്നേഹം പകരുവാന്‍
ഒന്നുതൊട്ടാല്‍ തുടിയ്ക്കുമീ തന്തിയില്‍
നിന്നൊരു മൊഴി തേടുകയാണു ഞാന്‍

എന്‍റ്റെ മണ്‍വീണയില്‍ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നൂ

ശബ്‌ദ സാഗരത്തിന്‍ അഗാധ
നിശ്ശബ്‌ദ ശാന്തത ഇല്ലയോ

ഗാനമായ് വന്നു നീ മൗനമായ് മാഞ്ഞു നീ

എത്രമധുരം നിന്‍ മൗനവുമോമലേ
എത്രമേല്‍ സംഗീതസാന്ദ്രം

മന്ദ്രശ്രുതിതന്‍ മധുനിറയും മുളം-
തണ്ടുപോലെന്‍ കൈയില്‍ വീണു
ഓതുന്നു നിന്‍ മൗനം: "എന്നിലെ രാഗത്തെ
നാഥാ നീ ചുംബിച്ചുണര്‍ത്തൂ"

സാന്ത്വനത്തിന്നമൃതസംഗീതമീ
സാന്ദ്രമൗനത്തില്‍ നിന്നു നുകര്‍ന്നു നാം

നീയേതോ മൗനസംഗീതം
നീയെന്‍ മൂകപ്രേമസംഗീതം

പൂവിന്‍ ചൊടിയിലും മൗനം
ഭൂമിദേവിതന്നാത്മാവില്‍ മൗനം
വിണ്ണിന്‍റ്റെ കണ്ണുനീര്‍ത്തുള്ളിയിലും-കൊച്ചു
മണ്‍തരിച്ചുണ്ടിലും മൗനം

ആടും ചിലമ്പില്‍നിന്നടരും മുത്തിനും
വാടിക്കൊഴിയുമിലയ്ക്കും മൗനം
മൗനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ
നാദവും നാദത്തിന്‍ പൊരുളുമുണ്ടോ

-

-

-


Monday, September 21, 2009

നഗരം മഹാസാഗരം






വ്യക്തിപരമായി തനിയ്ക്ക്‌ ഏറെ പ്രിയപ്പെട്ടഗാനമായതിനാലാവും, മറവിയുടെ കയങ്ങളിൽ നീന്തിത്തളര്‍ന്ന അവസാനനാളുകളിലും, ആരെങ്കിലും ഒരു പാട്ടുപാടാൻ പറഞ്ഞാൽ:
"നഗരം നഗരം മഹാസാഗരം മഹാസാഗരം
കളിയും ചിരിയും മേലേ...............
ചളിയും ചുഴിയും താഴേ.............
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
പിരിയാൻ വിടാത്ത കാമുകി.........
പിരിയാൻ വിടാത്ത കാമുകി ..........." എന്ന് ഇടറിയ കണ്ഠത്തോടെയാണെങ്കിലും ഭാസ്കരൻ മാഷ്‌ പാടിയിരുന്നത്‌. പല്ലവിയിലെ അവസാന രണ്ടുവരികൾ:
"പറയാന്‍ പറ്റാത്ത കാമുകിപറയാന്‍ പറ്റാത്ത കാമുകി"--എന്നും അദ്ദേഹം മാറ്റിപ്പാടിയത്‌ മന:പൂര്‍വ്വമായിരുന്നോ എന്നറിയില്ല.

ജീവിതാനുഭവങ്ങൾ ഒരുപാടില്ലെങ്കിലും, ഉള്ളതിന്‍റ്റെ വെളിച്ചത്തിൽ, മൂന്നുനാലു നഗരങ്ങളിൽ മാറിമാറിത്താമസിച്ച എനിയ്ക്കറിയാം, മലയാളം കണ്ട എക്കാലത്തേയും മികച്ച ഗാനരചയിതാവ്‌ മേൽപ്പറഞ്ഞ ഗാനത്തിലൂടെ കോറിയിട്ടിരിക്കുന്നത്‌ എത്രമേൽ സത്യമാണെന്ന്. മഹാനഗരത്തിനെത്രയെത്ര മുഖങ്ങൾ! മാറോടടുക്കിപ്പിടിച്ചു വാത്സല്യം പകരുന്ന അമ്മയെപ്പോലെ, ഏകനായലയുമ്പോൾ ഒരു കൈതന്ന് സൗഹൃദക്കുളുർച്ഛായയിലേയ്ക്കാനയിച്ച സുഹൃത്തിനെപ്പോലെ, അനുരാഗസൗഗന്ധികങ്ങൾ വിടരുന്ന രാവില്‍വന്ന പ്രണയിനിയെപ്പോലെ, കാമനകൾക്കു ശാന്തിയേകി വഴിക്കണ്ണുമായ്‌ അടുത്താളേയും കാത്തിരിക്കുന്ന കച്ചവടക്കാരിയെപ്പോലെ...........അതേ, നഗരം സാഗരം തന്നെയാണ്‌, ഓരോതിരയിലും ഓരോമുഖം കാണിച്ചുകൊതിപ്പിച്ചു പിന്മടങ്ങുന്ന മഹാസാഗരം.

"കളിയും ചിരിയും മേലേചളിയും ചുഴിയും താഴേ"

അവളുടെ കളിയും ചിരിയും കണ്ട്‌ ഒരുപാടടുത്തുപോകുമ്പോൾ താഴെയുള്ള ചളിയും ചുഴിയും നാം കാണാൻ മറക്കരുത്‌. നഗരത്തെപ്പറ്റിമാത്രമാണോ ഭാസ്കരൻ മാഷ്‌ ഈ പറഞ്ഞിരിക്കുന്നത്‌? ഓരോമനുഷ്യനെപ്പറ്റിയുമല്ലേ.... ജീവിതത്തിൽ ഇന്നുമെത്രയെത്ര കാണുന്നൂ നാം കളിയും ചിരിയും ,ഒടുവിൽ ചളിയും ചുഴിയും.ഭാസ്കരന്‍ മാഷിന്‍റ്റെ എല്ലാപ്പാട്ടുകളേയുംപോലെ ശില്പഭം‌ഗിയാര്‍ന്നതാണ്‌ ഈ ഗാനവും എന്നത് എടുത്തുപറയേണ്ടതില്ലല്ലോ.

ആ മഹാസാഗരത്തില്‍ (ജീവിതമെന്ന സാഗരമോ) ചെന്നുചേര്‍ന്നവര്‍ ചെയ്യുന്നതോ?
"സ്നേഹിക്കുന്നൂ കലഹിക്കുന്നൂ
മോഹഭംഗത്തിലടിയുന്നൂ
നുരകൾതിങ്ങും തിരകളെപ്പോലേ
നരരാശികളിതിലലയുന്നൂ"

അതേ, സ്നേഹിച്ചും, കലഹിച്ചും, മോഹിച്ചും, മോഹഭംഗപ്പെട്ടും, നരരാശി ആ ജലരാശിയില്‍ അലയുന്നു. അതോ, അലിഞ്ഞുതീരുന്നോ? ജലത്തിലലിഞ്ഞ് സ്വയമില്ലാതാകുന്ന മീനെന്നപോലെ (soluble fish).

"കുതിച്ചുപായും നഗരിയിലൊരു ചെറു-
കൂര ചമയ്ക്കുവതെങ്ങനെ ഞാൻ
പാരാവാരത്തിരയിൽ എന്നുടെ
പവിഴദ്വീപു തകർന്നാലോ"--എന്ന് കേവലനായ മര്‍ത്യന്‍റ്റെ ആശങ്കകളോടെ ഗാനം അവസാനിക്കുന്നു.

1967ല്‍ പുറത്തിറങ്ങിയ നഗരമേ നന്ദി എന്ന ചിത്രത്തിലെ പാട്ടാണ്‌ നഗരം നഗരം എന്നത്. കെ രാഘവന്‍ മാഷിന്‍റ്റെ വ്യത്യസ്തഗാനങ്ങള്‍ കൊണ്ട്‌ സമ്പുഷ്ടമായിരുന്നു പ്രസ്തുത ചിത്രം. മഞ്ഞണിപ്പൂനിലാവ്, കന്നിരാവിന്‍ കളഭക്കിണ്ണം എന്നിവ ഉദാഹരണങ്ങളാണ്.

പകല്‍ മായാറായിരിക്കുന്നു....നഗരത്തില്‍ തിരക്കേറുന്നു....സഹസ്രമുഖങ്ങളിലും ഒരോരോ ഭാവങ്ങളോടെ അവള്‍ അടുത്തൊരു നിശയെ വരവേല്ക്കുന്നു.... തെല്ലു മാറിയിരുന്നു ഞാനും പാടുന്നു:
"നഗരം നഗരം മഹാസാഗരം മഹാസാഗരം..........................."
=================================================================

നഗരം നഗരം ---ഭാസ്കരന്‍ മാഷിന്‍റ്റെ ശബ്ദത്തില്‍:

Saturday, August 22, 2009

ഒരു ഗാനം...........


ഒരു ഗാനം പോസ്റ്റ്ചെയ്യുന്നു..എല്ലാവര്‍ക്കും ഓണാശംസകള്‍.........




നിറവാര്‍ന്ന സ്നേഹമേ നിന്‍വരവോര്‍ത്തു ഞാന്‍
നിമിഷങ്ങളെണ്ണിക്കഴിഞ്ഞിടുന്നൂ
നിറമാര്‍ന്ന ജന്മാന്തരസ്നേഹബന്ധത്തിന്‍
നിനവുകളെന്നിലുയിരിടുന്നൂ



ത്രേതായുഗത്തിലെന്‍ നേര്‍പാതിയായ്‌ വന്നു
കാനനമാര്‍ഗം വരിച്ചവളേ
നീഹാരബിന്ദുപോലെങ്ങോ മറഞ്ഞൊരാ
വൈദേഹിതന്‍ മുഖമോര്‍ത്തിടുന്നൂ

കാളിന്ദിയാറ്റിന്‍ പുളിനങ്ങളില്‍ നമ്മള്‍
കാമുകീകാമുകരായിരുന്നൂ
വൃന്ദകള്‍തന്‍ സുഖസൌരഭമാകവേ
നമ്മെ വലംവച്ചു നിന്നിരുന്നൂ


ശാരോണിന്‍ ചെമ്പനീര്‍പ്പൂക്കള്‍ മുകര്‍ന്നു നാം
സായന്തനദീപ്തി കണ്ടിരുന്നൂ
മാതളപ്പൂക്കളില്‍ തേന്‍നുകരാന്‍ വന്ന
സൂചീമുഖി നമ്മെ നോക്കിനിന്നൂ

ഇമചിമ്മിയിരവുകളെത്രപോയി
ഇളമതി മുഴുതിങ്കളായിമാറി
ഇടനെഞ്ഞിലോര്‍മ്മതന്‍ പൂക്കളുമായിതാ
ഇവിടെഞാന്‍ നിന്നെയും കാത്തിരിപ്പൂ

Monday, April 6, 2009

ഒരു വിഷുഗീതം..............


ഏവര്‍ക്കും വിഷു ആശംസകള്‍

കര്‍ണ്ണികാരച്ചില്ലകള്‍
‍പൊന്നണിഞ്ഞു നില്ക്കയായ്
കണ്ണില്‍നാണമാര്‍ന്നൊരോമല്‍
കന്യയാം വധുവെന്നപോല്‍

നല്‍വിഷുവിന്‍ നാള്‍കളെത്തി
എന്നുപാടും പൈങ്കിളിതന്‍
ചുണ്ടിലെയരുണാഭയാകേ
വാകയണിയുകയായ്-ഇള
പൂവുചൂടുകയായ്

കൈയിലൊരുവെണ്‍നാണ്യവുമായ്
ഉള്ളിലാകെസ്നേഹവുമായ്
മഞ്ജുവാമൊരു ഗീതിപോലേ
അമ്മയണയുകയായ്-വിഷു
ധന്യമാവുകയായ്
==================
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍

Wednesday, March 18, 2009

പാബ്ളോനെരൂദയൂടെ 'സമുദ്രം' എന്ന കവിത............

പാബ്ളോനെരൂദയൂടെ 'സമുദ്രം' എന്ന കവിത............

Malayalam translation of Pablo Neruda’s poem “Ocean”

Ocean:

Body more perfect than a wave,
salt washing the sealine,
and the shining bird
flying without ground roots

സമുദ്രം:

ഒരുതിരയെക്കാളും എത്ര സമ്പൂര്‍ണ്ണം ഉടല്‍,
കടല്‍ത്തീരമാകെക്കഴുകും ലവണവും,
ധരണിതന്‍ കാന്തവീചികള്‍ക്കതീതമായ്
പറന്നുപോവൂ തിളങ്ങുന്ന പക്ഷിയും*

============================================================
(*പറന്നുപോവൂ പകലെന്ന പക്ഷിയും)

Friday, February 20, 2009

ശില്പാരാം (Shilparam)—ശില്പങ്ങളുടെ ആരാമം

ശില്പാരാം (Shilparam)—ശില്പങ്ങളുടെ ആരാമം. ഹൈദ്രാബാദില്‍ ഹൈടെക്സിറ്റിയ്ക്കുസമീപമായ് സ്ഥിതിചെയ്യുന്ന, കരകൌശല ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കുന്ന craft village.

ശില്പാരാമിലെ ചില കാഴ്ചകള്‍:






ഒരിടത്തൊരു ഫയല്‍വാന്‍:

ക്വട്ടേഷന്‍ ഏജന്‍റ്റാണോ എന്തോ......


യാരിത്...നമ്മടെ വാര്യപ്പൊരേലെ മീനാക്ഷിയല്യോ? എന്താ മോളേ ഉസ്കൂട്ടറില്?














ഭഗ്നമാം തഥാഗതവിഗ്രഹത്തിലെ, എന്നോ
നഷ്ടമായൊരാ ശിരസ്സത്രേ ഞാന്‍ തിരയുന്നൂ—ഓ.എന്‍.വി











മദര്‍തെരേസയ്ക്കു മരണമുണ്ടെങ്കില്‍
മരണമല്ലയോ മഹിതജീവിതം—ചുള്ളിക്കാട്

















ദെല്ലാം മാമന്‍റ്റേതാ?????????????????





സ്വസ്തിഹേ സൂര്യാ തേ സ്വസ്തി—ഓ.എന്‍.വി





കാളിന്ദിയാറ്റിന്‍ പുളിനങ്ങളില്‍ നമ്മള്‍
കാമുകീകാമുകരായിരുന്നു
വൃന്ദകള്‍തന്‍ സുഖസൌരഭമാകവേ
നമ്മെവലംവെച്ചുനിന്നിരുന്നു


























Monday, January 12, 2009

ഗാനം—മേഘമാലകള്‍ക്കപ്പുറം ഏതോ...




മേഘമാലകള്‍ക്കപ്പുറം ഏതോ
കാമുകന്‍ നിന്നു പാടുന്നൂ
സ്നേഹസംഗീതമാലപിക്കുന്നൂ
ഭൂമി കാതോര്‍ത്തു നില്ക്കുന്നൂ

ശ്യാമവര്‍ണ്ണനാം നന്ദനന്ദനന്‍
ആയര്‍പ്പെണ്ണിന്നായ് പാടുമ്പോല്‍
കാറ്റുവന്നു മുളയിലൂതുന്നൂ
കാതരമൊരു ഗീതിയായ്


കാലവാഹിനീതീരഭൂമിയില്‍
രാധികമാര്‍ വിതുമ്പുന്നൂ
സര്‍വ്വസാക്ഷിയാം പൂക്കടമ്പിതാ
നീര്‍മണികള്‍ പൊഴിക്കുന്നൂ

വാനവീഥിയിലമ്പിളിക്കല
മാമുകില്‍ക്കീറില്‍ മാഞ്ഞുവോ?
ഈയുഗത്തിന്‍റ്റെ മാലകറ്റുവാന്‍
ദ്വാപരരവിയെത്തുമോ?
നീള്‍മിഴികള്‍ തുടയ്ക്കുമോ?

Monday, December 29, 2008

പുതുവര്‍ഷാശംസകള്‍


















നിമികള്‍ പുഷ്പദലങ്ങള്‍ പോലെന്‍ ചുറ്റിലും വീഴ്കേ
കാലമാം തരു പുതിയ പൂക്കളെ മാറിലണിയിക്കേ
എന്നുമീയിളാമുറ്റത്തോരരിയകതിര്‍ പോല്‍ നീ
കാന്തിയാര്‍ന്നു വസിച്ചിടുവാന്‍ എന്‍റ്റെ പ്രാര്‍ത്ഥനകള്‍


ഏവര്‍ക്കും പുതുവര്‍ഷാശംസകള്‍.

Tuesday, November 25, 2008

ഈ രാവില്‍ ഞാനെഴുതീടും—പാബ്ളോ നെരൂദ


Malayalam Translation of Pablo Neruda's Tonight I can Write.

പാബ്ളോ നെരൂദയുടെ ഇരുപത്പ്രേമകവിതകളും ഒരു നൈരാശ്യഗീതവും (Twenty Poems of Love and a Song of Despair—1924) എന്ന സമാഹാരത്തില്‍ ഒടുവിലായ് ചേര്‍ത്തിരിക്കുന്നതാണ്‌ "ഈ രാവില്‍ ഞാനെഴുതീടും " (Tonight I can Write) എന്ന കവിത.

സ്നേഹിച്ചുതീരാത്തൊരുമനസ്സിന്‍റ്റെ വ്യാകുലതയും, നിസ്സഹായതയും, അന്ത:സംഘര്‍ഷങ്ങളും ഈ കവിതയിലൂടെ പുറത്തുവരുന്നു. പ്രണയിനിയുടെ സൌന്ദര്യത്തെ അഭൌമമാക്കിമാറ്റാതെ, അവളെപ്പറ്റി, ആ പ്രണയത്തെപ്പറ്റി (നഷ്ടനീഡത്തെപ്പറ്റിയുള്ള പക്ഷിയുടെ പാട്ടുപോലെ) പാടുകയാണ്‌ കവി. ആ രാത്രികള്‍ കഴിഞ്ഞുപോയവയാണെങ്കിലും നീലത്താരകളും, വിരഹിയായ കാറ്റുമെല്ലാം ഓര്‍മ്മകളെ മുള്ളുകൊണ്ടു തൊട്ടുണര്‍ത്തുന്നു. ഏറ്റവും ശോകാര്‍ദ്രമായ വരികള്‍ കവി എഴുതിപ്പോകുന്നു.

"നിന്നെ ഞാന്‍ സ്നേഹിക്കുന്നതേയില്ല" എന്ന് ഒരുവട്ടം പാടുമ്പോള്‍, അതിന്‍റ്റെ പ്രതിധ്വനിയായി നൂറ്റൊന്നാവര്‍ത്തിക്കുന്നത്‌, "നിന്നെ ഞാന്‍ സ്നേഹിക്കുന്നു" എന്നതാണ്‌. പ്രണയത്തിന്‍റ്റെ സങ്കീര്‍ണ്ണമായ മറ്റൊരു മുഖം. ആ ജ്വാലാമുഖമാണ്‌ ഈ കവിതയിലൂടെ കവി നമുക്കു കാട്ടിത്തരുന്നത്.

"അവളെ ഞാന്‍ പ്രേമിച്ചിരുന്നു
ചിലവേളകളില്‍ അവള്‍ എന്നെയും"—എന്നും

"അവളെന്നെ പ്രേമിച്ചിരുന്നു
ചിലവേളകളില്‍ ഞാന്‍ അവളേയും"—എന്നുമുള്ള വരികളിലെ അസന്ദിഗ്ദ്ധതയുടെ കാരണം കവി തന്നെ വെളിപ്പെടുത്തുന്നു:

"പ്രണയമെത്രമേല്‍ ഹ്രസ്വമറിയുക"

പുതു"കമ്രശോണസ്ഫടികവളകള്‍"*ത്തേടി പ്രണയിനി പോയതിനാലാണോ, പ്രണയഭംഗമുണ്ടായത്? അറിയില്ല. കാരണമെന്തുമാവട്ടെ, തന്‍റ്റെ പ്രണയത്തിന്‌ അവളെ ഒപ്പം നിറുത്തുവാനായില്ല എന്നു പാടുന്നൂ കവി.

അതേ, പ്രണയമാകുന്ന മഴ പെയ്തുതോര്‍ന്നിരിക്കുന്നു. മഴപാടിയ പാട്ടുകള്‍ ഓര്‍ത്തുപാടുന്ന മാമരത്തെപ്പോലെ, ഒരുകുറികൂടിപ്പാടാതിരിക്കുവാന്‍ കവിയ്ക്കാകുന്നില്ല:

"ഇത്തരം നിശകളിലെത്രയോ കുറി
ഞാനീക്കൈകളാലത്തന്വിയെ
പുണര്‍ന്നതിനാലാവാം
അവള്‍തന്‍ വേര്‍പാടിനാല്‍
എന്‍മനം അസന്തുഷ്ടം"



====================================================================

Tonight I can write the saddest lines.
Write, for example, "The night is starry
and the stars are blue and shiver in the distance."

The night wind revolves in the sky and sings.

Tonight I can write the saddest lines.
I loved her, and sometimes she loved me too.

Through nights like this one I held her in my arms.
I kissed her again and again under the endless sky.

She loved me, sometimes I loved her too.
How could one not have loved her great still eyes.

Tonight I can write the saddest lines.
To think that I do not have her. To feel that I have lost her.

To hear the immense night, still more immense without her.
And the verse falls to the soul like dew to the pasture.

What does it matter that my love could not keep her.
The night is starry and she is not with me.

This is all. In the distance someone is singing. In the distance.
My soul is not satisfied that it has lost her.

My sight tries to find her as though to bring her closer.
My heart looks for her, and she is not with me.

The same night whitening the same trees.
We, of that time, are no longer the same.

I no longer love her, that's certain, but how I loved her.
My voice tried to find the wind to touch her hearing.

Another's. She will be another's. As she was before my kisses.
Her voice, her bright body. Her infinite eyes.

I no longer love her, that's certain, but maybe I love her.
Love is so short, forgetting is so long.

Because through nights like this one I held her in my arms
my soul is not satisfied that it has lost her.

Though this be the last pain that she makes me suffer
and these the last verses that I write for her.



ഈ രാവില്‍ ഞാനെഴുതീടും

------------------

ഏറ്റവും ശോകാര്‍ദ്രമാം
വരികളെല്ലാമിന്നു
രാത്രിയിലെഴുതുവാന്‍
എനിയ്ക്കു കഴിഞ്ഞീടും"
ഈ നിശ ശിഥിലമായ്,
വിദൂരതയിലിന്നീ നീല-
ത്താരകള്‍ വിറകൊള്‍വൂ"—ഇങ്ങനെ

രാക്കാറ്റു വാനിലലഞ്ഞുപാടീടുന്നൂ,
ഏറ്റവും ശോകാര്‍ദ്രമാംവരികളെല്ലാമിന്നു-
രാത്രിയിലെഴുതുവാന്‍എനിയ്ക്കു കഴിഞ്ഞീടും
അവളെ ഞാന്‍ പ്രേമിച്ചിരുന്നു
ചിലവേളകളില്‍ അവള്‍ എന്നെയും

ഇത്തരം നിശകളിലെത്രയോ കുറി
ഞാനീക്കൈകളാലത്തന്വിയെ
ആശ്ലേഷിച്ചിരിക്കുന്നൂ
അന്തമില്ലാത്തൊരീ വാനമേലാപ്പിന്‍ താഴെ
എത്രയോവട്ടംവീണ്ടുംഅവളെച്ചുംബിച്ചൂ ഞാന്‍

അവളെന്നെസ്നേഹിച്ചിരുന്നു
ചിലവേളകളില്‍ ഞാന്‍ അവളെയും
നിഷ്പന്ദമനോജ്ഞമാം
ആ വിടര്‍മിഴികളെ സ്നേഹിക്കാതിരിക്കുവാന്‍
എനിയ്ക്കു കഴിഞ്ഞെന്നോ?

ഇല്ലവളെനിയ്ക്കൊപ്പമെന്നോര്‍ത്തീടുവാനായ്
ആ നഷ്ടസ്മൃതികളെ മെല്ലെപ്പുല്‍കുവാനായ്
ഏറ്റവും ശോകാര്‍ദ്രമാംവരികളെല്ലാമിന്നു
രാവില്‍ ഞാനെഴുതീടും

പുല്‍മേട്ടിലരിയോരു തൂമഞ്ഞുകണം പോലേ
ആത്മാവില്‍ കവിതവന്നിറ്റിറ്റു വീണീടുന്നൂ
ദീര്‍ഘമീരാവ്, അവളരികിലില്ലായ്കയാല്‍
ദീര്‍ഘതയേറീട്ടന്തം കാണാതെ പോയീടുന്നൂ

അവളെ നേടീടുവാനെന്‍ രാഗത്തിനായീലല്ലോ
ഈ നിശ ശിഥിലമെന്‍ പ്രിയയില്ലെനിക്കൊപ്പം
ആ വിദൂരതയില്‍നിന്നുമാരാരേ പാടീടുന്നൂ
പ്രിയതന്‍ വേര്‍പാടിനാല്‍ എന്‍മനം അസന്തുഷ്ടം

അവളില്ലെനിക്കൊപ്പ,മെങ്കിലുമൊരുകുറി
അവളെക്കാണാന്‍ മെല്ലെ ആയുന്നൂ മിഴികളും
എന്നകതാരും വ്യര്‍ത്‌ഥം!

അന്നത്തേപ്പോലേയിന്നും ഈ നിശ
ഒരേമരച്ചില്ലകള്‍ തിളക്കുന്നൂ
അന്നത്തെ നമ്മളെങ്ങോ?
നാമെത്രമേല്‍ മാറിപ്പോയി

ഇല്ല, ഞാനവളെ സ്നേഹിക്കുന്നതേയില്ല
പക്ഷേ, യെത്രമേല്‍ അവളെ ഞാന്‍ സ്നേഹിച്ചിരുന്നെന്നോ?
എന്‍നാദമീയിളംകാറ്റോടു ചേര്‍ന്നീടുന്നൂ
എന്‍ പ്രിയതമയെത്തേടിത്താന്‍ പോയീടുന്നു

അനന്തസുന്ദരമാം മിഴിയിണയും മൊഴികളും
സുവര്‍ണ്ണസുന്ദരമാകുമാമേനിയും
ഒടുവിലന്യന്‍റ്റേതായിടും
പണ്‍ടെന്‍റ്റെ മുത്തങ്ങള്‍ക്കു പാത്രമായിരുന്നവള്‍
ഇനി മറ്റേതോകൈയില്‍............................

ഇല്ലിനിയൊരിക്കലുമവളെ ഞാന്‍ സ്നേഹിക്കില്ല
എങ്കിലുമവളെ ഞാന്‍ സ്നേഹിച്ചു പോയേക്കാം
പ്രണയമെത്രമേല്‍ ഹ്രസ്വമറിയുക
എല്ലാംമറന്നിടാന്‍ എത്രയോനാള്‍കള്‍ വേണം

ഇത്തരം നിശകളിലെത്രയോ കുറി
ഞാനീക്കൈകളാലത്തന്വിയെപുണര്‍ന്നതിനാലാവാം
അവള്‍തന്‍ വേര്‍പാടിനാല്‍
എന്‍മനം അസന്തുഷ്ടം

ചിലപ്പോളിതായിടാം, എന്നില്‍
അവള്‍തൊട്ടുണര്‍ത്തുന്നോരൊടുക്കത്തേ നോവ്
ചിലപ്പോളിതായിടാം, ഞാന്‍
അവള്‍ക്കായെഴുതുന്നോരൊടുക്കത്തേ ഗാനം
=================================
*കന്യമാര്‍ക്ക് നവാനുരാഗങ്ങള്‍
കമ്രശോണസ്ഫടികവളകള്‍—വൈലോപ്പിള്ളി

Tuesday, September 30, 2008

നെരൂദയുടെ കവിത—സ്നേഹം


Malayalam Translation of Pablo Neruda’s Poem—Love

"Come and see the blood in the streets"* (വരൂ, ഈ തെരുവുകളിലെ രക്തം കാണൂ...)—എന്നെഴുതിയ കവിതന്നെയാണ്:
Why will the whole of love come on me suddenly when I am sad and feel you are far away?**
(ഖിന്നനായ്, വിരഹിയായിരിക്കുമീവേളയില്‍
ഉള്ളസ്നേഹമെല്ലാംപൊടുന്നനെ
വന്നിടുന്നതിന്‍ കാരണമെന്താവാം?)—എന്ന് വിരഹാതുരനായിപ്പാടിയത്.

സ്നേഹം(Love) എന്ന കവിതയില്‍, രാഗത്തിന്‍റ്റേയും അതിന്‍റ്റെ ആധിക്യത്താലുളവാകുന്ന ദ്വേഷത്തിന്‍റ്റേയും സമ്മേളനം കാണാം. ഏതൊരനുരാഗിയുടേയും വിരഹിയുടേയും ഗാനമായി ഈ കവിത മാറുന്നു. നശ്വരതയുടെ പ്രതീകങ്ങളിലേയ്ക്കുനോക്കി, "ഇക്കണ്ടതൊന്നുമൊരു ശാശ്വതമല്ല (സു)ഹൃത്തേ"എന്നു പാടുകയാണ്‌ വിശ്വമഹാകവി.

സ്നേഹത്തിന്‍റ്റെ തന്നെ മറ്റൊരുഭാഷയിലൂടെ (വെറുപ്പെന്നതിനെ വിളിക്കാനാവില്ല), കവി താന്‍ മറന്നകാര്യങ്ങളുടെ പട്ടിക നിരത്തുന്നു. സ്ഥായിഭാവമായ സ്നേഹത്തെ പോഷിപ്പിക്കാനെത്തുന്ന സഞ്ചാരിഭാവമായി അതിനെക്കണക്കാക്കാം. കവിയ്ക്കു കവിതയിലൂടെ കള്ളം പറയുവാന്‍ സാധിയ്ക്കില്ല. സര്‍വ്വചരാചരങ്ങളോടുമുള്ള സ്നേഹം, തന്‍റ്റെ പ്രിയയുടെ നേര്‍ക്കെഴുന്ന സ്നേഹാംശുക്കളുടെ പ്രതിഫലനം തന്നെയാണെന്നു കവി സമ്മതിക്കുന്നു.

I don’t love her, that’s certain, but perhaps I love her ***
(ഇല്ലിനിയൊരിക്കലുമവളെ ഞാന്‍ സ്നേഹിക്കില്ല
എങ്കിലുമവളെ ഞാന്‍ സ്നേഹിച്ചു പോയേക്കാം)—എന്നു പറയുമ്പോള്‍, വേണ്ടാ, വേണം എന്നതിലെ 'വേണം' എന്ന ചിന്തയ്ക്കുള്ള മുന്‍തൂക്കം തന്നെയാണ്:
I have forgotten your love, yet I seem to glimpse you in every window— എന്ന വരികളിലൂടെയും പ്രകാശിതമാകുന്നത്.

* I am Explaining a Few Things
** Clenched Soul
*** Saddest Poem (Twenty Poems of Love and a Song of Despair)
==============================================================
LOVE

Because of you, in gardens of blossoming flowers I ache from the
perfumes of spring.
I have forgotten your face, I no longer remember your hands;
how did your lips feel on mine?
Because of you, I love the white statues drowsing in the parks,
the white statues that have neither voice nor sight.
I have forgotten your voice, your happy voice; I have forgotten
your eyes.
Like a flower to its perfume, I am bound to my vague memory of
you. I live with pain that is like a wound; if you touch me, you will
do me irreparable harm.
Your caresses enfold me, like climbing vines on melancholy walls.
I have forgotten your love, yet I seem to glimpse you in every
window.
Because of you, the heady perfumes of summer pain me; because
of you, I again seek out the signs that precipitate desires: shooting
stars, falling objects.
****************************************
സ്നേഹം

നീ കാരണമല്ലോ,
ഈ വിടര്‍മലരുകളാടുന്നവനികയില്‍
വാസന്തസൌരഭം നോവിപ്പതെന്നെ
നിന്‍മുഖം ഞാന്‍ മറന്നേപോയ്
നിന്‍കൈകള്‍ ഞാന്‍ മറന്നേപോയ്
നിന്നധരങ്ങള്‍ പകര്‍ന്നൊരാച്ചുംബന-
നിര്‍വൃതി ഞാന്‍ മറന്നേപോയ്

നീ കാരണമല്ലോ,
പാര്‍ക്കില്‍,
ശബ്ദവും കാഴ്ചയുമില്ലാതെ,
പാതിമയക്കത്തിലെന്നപോല്‍നില്‍ക്കുന്ന
വെണ്‍പ്രതിമകളെ ഞാന്‍ സ്നേഹിക്കുന്നത്

നിന്‍റ്റെ നാദം—നിന്‍റ്റെ സന്തോഷപൂരിതമായ
സുസ്വരം, ഞാനെന്നേ മറന്നുപോയി
ഇല്ല, ഞാനോര്‍ക്കുന്നില്ല നിന്‍ മിഴികളെ

പൂവിന്നുപൂമണത്തോടെന്നപോല്‍
നിന്നെക്കുറിച്ചുള്ളോരവ്യക്തമാം ഓര്‍മ്മയില്‍
ബന്ധിതനായിരിക്കുന്നൂ ഞാന്‍

ഒരു മുറിവുണര്‍ത്തീടുംപോലെ
വിങ്ങുന്ന നൊമ്പരങ്ങളുമായ് കഴിയുന്നൂ ഞാന്‍
നിന്‍റ്റെ കരസ്പര്‍ശംപോലും
പരിഹരിച്ചീടാനാവാത്ത നഷ്ടം
എന്നിലുളവാക്കും

വിഷാദത്തിന്‍റ്റെ മതിലുകളില്‍
മുന്തിരിവള്ളികളെന്നതുപോല്‍
നിന്‍റ്റെ കരലാളനമെന്നെ മൂടീടുന്നു
നിന്‍ പ്രണയം ഞാന്‍ മറന്നുപോയ്
എങ്കിലും,
ഏതൊരു ജാലകത്തിലൂടെയും
ക്ഷണമാത്ര മിന്നി മറയുന്നത്
നീയല്ലേ?

നീ കാരണമല്ലോ,
ഗ്രീഷ്മപുഷ്പങ്ങളുടെ മാദകസൌരഭം
എന്നെ നൊമ്പരപ്പെടുത്തുന്നത്

നീ കാരണമല്ലോ,
ആഗ്രഹങ്ങളുടെ നശ്വരത കാട്ടിത്തരുന്ന:
-വാല്‍നക്ഷത്രങ്ങള്‍
-ഉതിര്‍മണികള്‍—എന്നീപ്രതീകങ്ങളെ
ഞാന്‍ പിന്നെയും തിരയുന്നത്
===================================================

Monday, August 11, 2008

പാബ്ലോനെരുദയുടെ എണ്‍പത്തിയൊന്നാം ഗീതകം


Malayalam translation of Pablo Neruda’s Sonnet LXXXI.

വിശ്വമഹാകവി പാബ്ലോനെരുദയുടെ എണ്‍പത്തിയൊന്നാം ഗീതകം പരിഭാഷപ്പെടുത്തുവാനുള്ള ഒരു ചെറിയ ശ്രമം..... വിവര്‍ത്തനപ്പുഴയില്‍ ഒലിച്ചുപോയതു കവിത എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ......

=======================================
Already, you are mine
Sleep with your dream inside my dream
Love, pain, and work, must sleep now
The night turns on its invisible wheels,
and you are pure beside me as a sleeping amber
No one else, Love, will sleep in my dreams
You will go, we will go together, over the waters of time
No one else will travel through the shadows with me,
only you, evergreen, ever sun, ever moon.

Already your hands have opened their delicate fists
and let fall, without direction, their gentle signs,
your eyes closed like two graywings
I move after, following the folding water you carry:
the night, the Earth, the wind spin out the destiny
not only am I not without you, I alone am your dream
=======================================
ഇപ്പോള്‍ത്തന്നെ നീയെന്‍റ്റേതല്ലോ
എന്‍റ്റെ കിനാവിന്നുള്ളിലുറങ്ങുക
നിന്‍റ്റെ കിനാക്കളുമായ്.........

സ്നേഹനൊമ്പരങ്ങളും, ജോലിഭാരങ്ങളും
നിദ്രയെപ്പുല്‍കേണ്ടതാകുന്നു
അദൃശ്യമാം ചക്രങ്ങളില്‍
നിശ താനേതിരിയുമീവേളയില്‍
എന്‍റ്റെ ചാരെക്കിടക്കുന്നു നീ നല്ല-
കുന്തിരിക്കം പോലെ നിര്‍മ്മലമായവള്‍
നിത്യസ്നേഹമേ നീതന്നെയല്ലാതെ
മറ്റൊരാളില്ലെന്‍ കിനാവൊത്തുറങ്ങുവാന്‍
കാലമാമീപ്രവാഹിനിതാണ്ടുവാന്‍
നീ പോയിടും, നമ്മളൊപ്പമേ പോയിടും
നിത്യഹരിത നീ,
നിത്യതയെപ്പുല്കും ആദിത്യചന്ദ്രര്‍ നീ
മറ്റൊരാളും വരില്ലീനിഴലുകള്‍
ഒത്തുതാണ്ടുവാന്‍ എന്നോടുകൂടവേ

എത്രപേലവം മുഷ്ടി തുറന്നു നീ
ഹസ്തരേഖയെപ്പാട്ടിന്നു വിട്ടിതാ
ഭസ്മവര്‍ണ്ണമാം പക്ഷദ്വയം പോലെ
ഭദ്രേ നീ നിന്‍ മിഴികളടച്ചിതാ

എന്നും നിന്‍ കരതാരില്‍ നിറയുന്നോ-
രാര്‍ദ്രബിന്ദുക്കളെന്നെ നയിക്കുന്നു
രാത്രി, ഭൂമിയീക്കാറ്റുമിതെന്‍ വിധീ-
കംബളം മെല്ലെ നെയ്തുനീര്‍ത്തീടുന്നു

നിന്നെപ്പിരിഞ്ഞിരിക്കുന്നില്ല ഞാനെങ്കിലും
നിന്‍റ്റെ കിനാവിതീഞാനല്ലയോ?

(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍)

Sunday, April 20, 2008

എസ്. ജാനകി: എഴുപതു വര്‍ഷങ്ങള്‍ പിന്നിടുന്ന സംഗീതസപര്യ


"പുണ്യശാലിനീ നീ പകര്‍ന്നീടുമീ
തണ്ണീര്‍തന്നുടെയോരോരോ തുള്ളിയും
അന്തമറ്റ സുകൃതഹാരങ്ങള്‍ നിന്‍
അന്തരാത്മാവിലര്‍പ്പിക്കുന്നുണ്ടാവാം"
-കുമാരനാശാന്‍


സാധാരണക്കാരില്‍ നിന്നും സുകൃതികളിലേക്ക് ദൈര്‍ഘ്യമേറെയാണ്, പ്രകാശവര്‍ഷങ്ങളുടെ ദൂരം. സാധാരണക്കാരില്‍ നിന്നും സുകൃതികളിലേക്കുള്ള ദൂരം നിര്‍ണ്ണയിക്കുവാനുള്ള സമവാക്യരൂപീകരണമല്ല, മറിച്ച്, ചെയ്യുന്ന ഓരോ പ്രവൃത്തിയാലും "അന്തമറ്റ സുകൃതഹാരങ്ങള്‍ അന്തരാത്മാവില്‍" ഏറ്റുവാങ്ങുന്ന ഒരു സുകൃതജന്മത്തെപ്പറ്റി ചിലതു പറയലാണ്‌ ഈ ലേഖനത്തിന്‍റ്റെ ഉദ്ദേശ്യം.

എസ്. ജാനകി എന്ന പേര് ഒരു മുഖവുരയോടുകൂടി പരിചയപ്പെടുത്തേണ്‍ടതല്ല. നമ്മുടെ എല്ലാവരുടേയും ജാനകിയമ്മ. തന്‍റ്റെ സവിശേഷമായ ശബ്ദമാധുരിയാല്‍ നമ്മുടെ ഹൃദയാകാശങ്ങളില്‍, സ്വന്തമിടം ജാനകിയമ്മ എന്നേ നേടിയിരിക്കുന്നു. ആ വഴിയില്‍ ചിന്തിച്ചാല്‍ സമ്പന്നയാണ്‌ ഈ പാട്ടുകാരി. ആ സമ്പത്താകട്ടെ അനുദിനം പെരുകിവരുന്നു.

ഈ വരുന്ന ഏപ്രില്‍ 23 ന്‌ പ്രിയഗായിക 70 സംവത്സരങ്ങള്‍ പിന്നിടുന്നു. 5 പതിറ്റാണ്‍ടുകളിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമൊക്കെയായി ഇരുപതിനായിരത്തിലധികം ഗാനങ്ങള്‍, ദേശീയ പുരസ്കാരങ്ങള്‍ നാല്, സംസ്ഥാന പുരസ്കാരങ്ങള്‍ മുപ്പത്തിഒന്ന് (14 തവണയും മലയാളഗാനാലാപനത്തിന്). അക്ഷരലക്ഷങ്ങള്‍ എന്നതുപോലെ എത്രയെത്ര സുമനസ്സുകളുടെ സ്നേഹം. ഓരോതവണ റ്റെലിവിഷനിലൂടെക്കാണുമ്പോളും, സ്വാഭാവികമായ ആ വിനയം കൂടിവരുന്നതായേ തോന്നിയിട്ടുള്ളൂ. കതിര്‍ക്കുലയുടെ സഹജമായതാഴ്മ പോലെ.

ആന്ധ്രയിലെ ഗുണ്‍ടൂര്‍ ജില്ലയില്‍ ജനനം. മൂന്നാം വയസ്സില്‍ പാട്ടുപാടിത്തുടങ്ങി. നാദസ്വരവിദ്വാനായിരുന്ന പൈദിസ്വാമിയില്‍ നിന്നും സംഗീതവേദത്തിന്‍റ്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. ആ കാലഘട്ടത്തിനും, പിന്നീട് "വിധിയിന്‍ വിളയാട്ട്" എന്ന തമിഴ് പടത്തിനു വേണ്‍ടി പാടിയ കാലത്തിനുമിടയില്‍ എത്രയോ ഘനയടി ജലം കൃഷ്ണാനദിയിലൂടെ ഒഴുകിപ്പോയിട്ടുണ്‍ടാവണം. ശ്രീ ചലപതിറാവു ആയിരുന്നു പ്രസ്തുതചിത്രത്തിനുവേണ്‍ടി വരികള്‍ സ്വരപ്പെടുത്തിയത്. എന്നാല്‍ പല ഗായകരുടേയും കാര്യത്തിലെന്നപോലെ, ജാനകിയമ്മയുടേയും ആദ്യചിത്രം വെളിച്ചം കണ്‍ടില്ല. "എം.എല്‍.എ" എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി ശ്രീ ഘണ്ടശാല വെങ്കിടേശ്വരറാവുവിനൊത്ത് പാടിയ പാട്ടായിരുന്നു, ജാനകിയമ്മയുടെ സ്വരമാധുരിയില്‍ പുറത്തുവന്ന ആദ്യഗാനം.

ഒരു ഗാന റെക്കോഡിങ്ങിനിടയില്‍ നടന്ന കാര്യം ജാനകിയമ്മ വിവരിച്ചതോര്‍ക്കുന്നു. ഗാനത്തിനുവേണ്‍ടി ഷെഹണായ് വായിക്കുന്നത് സാക്ഷാല്‍ ബിസ്മില്ലാഖാന്‍. ജാനകിയമ്മയുടെ ആലാപനം കേട്ട് "വാഹ്, വാഹ്" എന്നു പറഞ്ഞുപോകുന്നു ഷെഹണായ് ചക്രവര്‍ത്തി. ഒടുവില്‍ ഷെഹണായ് വായിക്കേണ്‍ടകാര്യം, അദ്ദേഹത്തെ സംഗീതസംവിധായകന്‍ ഓര്‍മ്മിപ്പിക്കേണ്‍ടിവന്നു.

അതു പോലെ ശാരീരികാസ്വാസ്ഥ്യങ്ങളുടെ കൊടുമുടിയില്‍ നിന്നുകൊണ്‍ടാണ്, ഉഷാഖന്നയുടെ മൂടല്‍മഞ്ഞിനുവേണ്ടി പാടുന്നത്. അതേ, "മാനസമണിവേണുവില്‍", "ഉണരൂ വേഗം നീ" തുടങ്ങിയ എക്കാലത്തേയും ഹിറ്റുകള്‍ അങ്ങനെ "നൊന്തുപിറന്നവ"യാണ്‌.

ഇന്ത്യയിലെ മിക്കഭാഷകളിലും മാത്രമല്ല, ഇംഗ്ളിഷ്, ജാപ്പനീസ്, ജര്‍മ്മന്‍ എന്നീ വിദേശഭാഷകളിലും ഈ ഗായിക തന്‍റ്റെ കഴിവുതെളിയിച്ചു. ഏതുഭാഷയിലായാലും വരികള്‍ക്ക് ഭാവം നല്‍കിത്തന്നെയാണ്‌ ജാനകിയമ്മ പാടുന്നത്.

ശാരീരം, ശരീരാഭ്യാസങ്ങള്‍ക്കു വഴിമാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലും, സ്മൃതിയുടെ ഏടുകളില്‍ കുളുര്‍മഴ പെയ്യിച്ചുകൊണ്ട്, തന്‍റ്റേതായ തണുവിടത്തില്‍ ജാനകിയമ്മ നില്‍ക്കുന്നു. പേരാറ്റിന്‍ കടവില്‍വന്ന് മഞ്ഞളരച്ചുവെച്ചു നീരാടുവാനിറങ്ങിയ മഞ്ഞണിപ്പൂനിലാവിനെപ്പോലെ, ആ ഗാനങ്ങള്‍ തലമുറകളെ ചന്ദനക്കാറ്റായ് തഴുകുന്നു. നമ്മുടെ പ്രിയഗായികയ്ക്ക് ഇനിയും സ്വാസ്ഥ്യപൂര്‍ണ്ണമായ ദിനങ്ങള്‍ കൈവരട്ടെ എന്നാശംസിക്കാം.

സത്യശിവസൌന്ദര്യങ്ങളുടെ മേളനമായ ജീവിതത്തെ ഈ ഗാനങ്ങള്‍ എന്നും നവീകരിക്കട്ടെ. നമ്മുടെയിടയില്‍ ഈ ഗാനങ്ങള്‍ എന്നും സ്നേഹത്തിന്‍റ്റെ സുരഭിലവൃഷ്ടി നടത്തട്ടെ. ഈ നിത്യഹരിതഗാനങ്ങള്‍, ഋതുഭേദങ്ങളുടെ തല്ലും തലോടലുമേറ്റു കിടക്കുന്ന നമ്മുടെ ഭൂമിയെ നിത്യഹരിതയാക്കട്ടെ, അവളെ ദീര്‍ഘസുമംഗലയാക്കട്ടെ.

(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍)================================================================

Thursday, April 17, 2008

ഭൂപാളരാഗമുയര്‍ന്നൂ.............

ഗാനരചന: ബൈജു
സംഗീതരചന, ആലാപനം: ബഹുവ്രീഹി
====================
ഭൂപാളരാഗമുയര്‍ന്നൂ-മനസ്സിലും
ആയിരമുഷസ്സുകള്‍ വിടര്‍ന്നൂ
പൂനിലാച്ചന്ദനം ചാര്‍ത്തിയ ഭൂമിയും
ഗായത്രി പാടുകയായി
സൂര്യഗായത്രി പാടുകയായി

നീഹാരമാലകള്‍ ചാര്‍ത്തിയ പൂവുകള്‍
‍നീളേ ചിരിച്ചിടുന്നു-സ്നേഹ
ഗീതികള്‍ പാടിടുന്നു
പൊയ്കതന്‍ പുളകങ്ങള്‍ പോലേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു-നീളേ
ഇന്ദീവരങ്ങള്‍ വിടര്‍ന്നു

ആഴിതന്‍ പൂന്തിരകൈകളിലാഴുവാന്‍
‍പായുന്നിതാ കുളിര്‍ വാഹിനി-പായുന്നു
സ്നേഹപ്രവാഹിനി
സ്നേഹാംശുവാകെ കതിരവന്‍ വര്‍ഷിക്കേ
രാഗാര്‍ദ്രയായ്‌ നിന്നു ഭൂമി-പ്രേമ
ദാഹാര്‍ത്തയായ് നിന്നു ഭൂമി

ഒരു വിഷുപ്പാട്ട്.............

കാലമിനിയുമുരുളും വിഷുവരും
വര്‍ഷംവരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂവരും കായ്‌വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?"
-എന്‍ എന്‍ കക്കാട്, സഫലമീയാത്ര.

വിഷുപ്പാട്ടുണ്ടാക്കുവാനുള്ള, ബഹുവ്രീഹിയുടേയും എന്‍റ്റെയും, ഒരു എളിയശ്രമം.......
ഗാനരചന: ബൈജു
സംഗീതരചന, ആലാപനം: ബഹുവ്രീഹി

==============================================
കനകലിപിയാല്‍ പ്രകൃതിയെഴുതും
പ്രണയഗീതം പോലേ
മേടമാസനിലാവില്‍ പൂത്തൂ
കര്‍ണ്ണികാരങ്ങള്‍-നറും
സ്വര്‍ണ്ണഹാരങ്ങള്‍.........

ഇളവെയിലിന്‍ കതിരുകളാല്‍
അരിയവാനം കണിയൊരുക്കീ
മിഴികള്‍ പൂട്ടിയുറങ്ങിയ ഭൂമി
കണികണ്ടുണരുകയായ്.....
കതിര്‍... കണികണ്ടുണരുകയായ്

ഇളപകരും കനിവുകളാല്‍
പ്രിയജനനി കണിയൊരുക്കീ
മിഴികള്‍ പൂട്ടിയുറങ്ങിയ ഞാനും
കണികണ്ടുണരുകയായ്
ആ.... കണികണ്ടുണരുകയായ്


Download Link: kanakalipiyaal prakruthiyezhuthum pranayageetham.mp3


ഈ ഗാനം ശ്രീ മനോജിന്‍റ്റെ ഈണത്തില്‍ പാടിയതിവിടെ കേള്‍ക്കാം

Thursday, September 20, 2007

ഒരു പ്രണയഗീതകം

നിറതിങ്കളരികെ
എന്തോ മൊഴിയവേ
കടല്‍ കൈകള്‍ നീട്ടിടുന്നൂ
അരിയോരു വിണ്ണിന്‍
മഴക്കൈകള്‍ തഴുകേ
ഇളയാര്‍ന്നിതാര്‍ദ്ര മൌനം
ഒരു കുഞ്ഞുതെന്നല്‍
തഴുകിക്കടന്ന കഥ
മുളയോതി മന്ത്ര * മധുരം
ഇവിടെന്‍റ്റെ വനിയില്‍
ഇളതന്‍റ്റെ മടിയില്‍
ഇനിയോരു ഗാനം
ഇതളാര്‍ന്നിടുന്നു
അതിലൂറുമീണം, അതിലെഴും മധുരം
സഖി, നിനക്കായ് കാത്തിടുന്നു
==============
*Mantram= mantra sthaayi. Actually, the “ntra” of “saandram” should have been there.