Saturday, November 14, 2009

സച്ചിനൊരു ഗാനം.............




കാളിദാസമഹാകവി, രഘുവംശമഹാകാവ്യത്തിന്‍റ്റെ തുടക്കത്തില്‍ വാക്കുമര്‍ത്ഥവും പോലെ ഇണങ്ങിച്ചേര്‍ന്നിരിക്കുന്ന പാര്‍വ്വതീപരമേശ്വരന്മാരെ വണങ്ങുന്നുണ്ട്. വാരിധി തന്നില്‍ തിരമാലകളെന്നപോലെ ഭാരതീപദാവലി തോന്നേണം കാലേ കാലേ എന്നു വാണീമാതാവിനോട് തുഞ്ചത്താചാര്യനും അപേക്ഷിക്കുന്നു. അന്താരാഷ്ട്രക്രിക്കറ്റില്‍ സുവര്‍ണ്ണ ലിപികളിലെഴുതപ്പെട്ട 20 വര്‍ഷങ്ങള്‍ തികച്ച പ്രിയപ്പെട്ട സച്ചിനെക്കുറിച്ചെഴുതാനിരിക്കുമ്പോള്‍, ലോകമെമ്പാടുമുള്ള കളിയെഴുത്തുകാരും ഇത്തരമൊരു പ്രാര്‍ത്ഥന ഉരുവിടുന്നുണ്ടാവും.

വെള്ളത്തിനു മുകളിലൂടെ നടക്കുവാനും, ശൂന്യതയില്‍ നിന്നും വസ്തുക്കള്‍ സൃഷ്ടിക്കാനും കഴിവുള്ള മായാജാലക്കാരനല്ല സച്ചിന്‍. അഞ്ചടി അഞ്ചിഞ്ചുള്ള ആ ശരീരത്തിലും മജ്ജയും മാംസവും രക്തവും തന്നെയാണുള്ളത്. എങ്കിലും, അദ്ദേഹത്തില്‍ നാമെന്തോ സവിശേഷത കാണുന്നു. കവി പാടിയപോലെ:

പെരുത്തു നൂറ്റാണ്ടിനിടയ്ക്കൊരൊക്കലീ
മരുപ്പറമ്പാമുലകത്തിലീശ്വരന്‍
ഒരുറ്റവൃക്ഷത്തെ നടുന്നു, പാന്ഥരായ്
വരുന്നവര്‍ക്കുത്തമ വിശ്രമത്തിനായ്

ആ വൃക്ഷം ജനതതികള്‍ക്കു തണലായിനില്ക്കുവാന്‍ തുടങ്ങിയിട്ടു കാലമെത്രയായി. വരുംതലമുറകള്‍ക്കു വേണ്ടിയും നീയവിടെത്തന്നെ നില്ക്കുക....കണ്ടു കൊതിതീര്‍ന്നിട്ടില്ല സച്ചിന്‍!!!

--------------------------------------
ഇരുപതാണ്ടുകള്‍ പാടിയഗാനം
ശമസുന്ദരമാം നിന്‍ഗാനം
ഇളയാംതംബുരു മീട്ടും ശ്രുതിയില്‍
ഇനിയും പാടൂ പ്രിയ സച്ചിന്‍
ഇനിയും പാടൂ പ്രിയ സച്ചിന്‍

കാലമൊഴുകുന്നൂ നദി പോലേ, നീ
കാവ്യമെഴുതുന്നൂ കവി പോലേ
അമൃതം നുകരാന്‍ നില്പൂ ഞങ്ങള്‍
കളിയഴകേ....അഴകേ....
കളിയഴകേ....അഴകേ....

കാറ്റിലണയുന്നൂ സുഖഗന്ധം, നിന്‍
ബാറ്റിലുണരുന്നൂ ഭൂപാളം
അരുതേ നിര്‍ത്തരുതേ നിന്‍ ഗീതം
അരുതരുതേ....അരുതേ....
അരുതരുതേ....അരുതേ....
--------------------------------------
(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍)

3 comments:

ബൈജു (Baiju) said...

അന്താരാഷ്ട്രക്രിക്കറ്റില്‍ സുവര്‍ണ്ണ ലിപികളിലെഴുതപ്പെട്ട 20 വര്‍ഷങ്ങള്‍ തികച്ച പ്രിയപ്പെട്ട സച്ചിന്...................

താരകൻ said...

സച്ചിനുവേണ്ടി എഴുതിയിരിക്കുന്ന ഈ ഗാനം സുന്ദരമായിരിക്കുന്നു.ആശംസകൾ..

ബൈജു (Baiju) said...

പിപഠിഷു | harikrishnan, താരകൻ: നന്ദി :)