Sunday, April 20, 2008

എസ്. ജാനകി: എഴുപതു വര്‍ഷങ്ങള്‍ പിന്നിടുന്ന സംഗീതസപര്യ


"പുണ്യശാലിനീ നീ പകര്‍ന്നീടുമീ
തണ്ണീര്‍തന്നുടെയോരോരോ തുള്ളിയും
അന്തമറ്റ സുകൃതഹാരങ്ങള്‍ നിന്‍
അന്തരാത്മാവിലര്‍പ്പിക്കുന്നുണ്ടാവാം"
-കുമാരനാശാന്‍


സാധാരണക്കാരില്‍ നിന്നും സുകൃതികളിലേക്ക് ദൈര്‍ഘ്യമേറെയാണ്, പ്രകാശവര്‍ഷങ്ങളുടെ ദൂരം. സാധാരണക്കാരില്‍ നിന്നും സുകൃതികളിലേക്കുള്ള ദൂരം നിര്‍ണ്ണയിക്കുവാനുള്ള സമവാക്യരൂപീകരണമല്ല, മറിച്ച്, ചെയ്യുന്ന ഓരോ പ്രവൃത്തിയാലും "അന്തമറ്റ സുകൃതഹാരങ്ങള്‍ അന്തരാത്മാവില്‍" ഏറ്റുവാങ്ങുന്ന ഒരു സുകൃതജന്മത്തെപ്പറ്റി ചിലതു പറയലാണ്‌ ഈ ലേഖനത്തിന്‍റ്റെ ഉദ്ദേശ്യം.

എസ്. ജാനകി എന്ന പേര് ഒരു മുഖവുരയോടുകൂടി പരിചയപ്പെടുത്തേണ്‍ടതല്ല. നമ്മുടെ എല്ലാവരുടേയും ജാനകിയമ്മ. തന്‍റ്റെ സവിശേഷമായ ശബ്ദമാധുരിയാല്‍ നമ്മുടെ ഹൃദയാകാശങ്ങളില്‍, സ്വന്തമിടം ജാനകിയമ്മ എന്നേ നേടിയിരിക്കുന്നു. ആ വഴിയില്‍ ചിന്തിച്ചാല്‍ സമ്പന്നയാണ്‌ ഈ പാട്ടുകാരി. ആ സമ്പത്താകട്ടെ അനുദിനം പെരുകിവരുന്നു.

ഈ വരുന്ന ഏപ്രില്‍ 23 ന്‌ പ്രിയഗായിക 70 സംവത്സരങ്ങള്‍ പിന്നിടുന്നു. 5 പതിറ്റാണ്‍ടുകളിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമൊക്കെയായി ഇരുപതിനായിരത്തിലധികം ഗാനങ്ങള്‍, ദേശീയ പുരസ്കാരങ്ങള്‍ നാല്, സംസ്ഥാന പുരസ്കാരങ്ങള്‍ മുപ്പത്തിഒന്ന് (14 തവണയും മലയാളഗാനാലാപനത്തിന്). അക്ഷരലക്ഷങ്ങള്‍ എന്നതുപോലെ എത്രയെത്ര സുമനസ്സുകളുടെ സ്നേഹം. ഓരോതവണ റ്റെലിവിഷനിലൂടെക്കാണുമ്പോളും, സ്വാഭാവികമായ ആ വിനയം കൂടിവരുന്നതായേ തോന്നിയിട്ടുള്ളൂ. കതിര്‍ക്കുലയുടെ സഹജമായതാഴ്മ പോലെ.

ആന്ധ്രയിലെ ഗുണ്‍ടൂര്‍ ജില്ലയില്‍ ജനനം. മൂന്നാം വയസ്സില്‍ പാട്ടുപാടിത്തുടങ്ങി. നാദസ്വരവിദ്വാനായിരുന്ന പൈദിസ്വാമിയില്‍ നിന്നും സംഗീതവേദത്തിന്‍റ്റെ ആദ്യപാഠങ്ങള്‍ പഠിച്ചു. ആ കാലഘട്ടത്തിനും, പിന്നീട് "വിധിയിന്‍ വിളയാട്ട്" എന്ന തമിഴ് പടത്തിനു വേണ്‍ടി പാടിയ കാലത്തിനുമിടയില്‍ എത്രയോ ഘനയടി ജലം കൃഷ്ണാനദിയിലൂടെ ഒഴുകിപ്പോയിട്ടുണ്‍ടാവണം. ശ്രീ ചലപതിറാവു ആയിരുന്നു പ്രസ്തുതചിത്രത്തിനുവേണ്‍ടി വരികള്‍ സ്വരപ്പെടുത്തിയത്. എന്നാല്‍ പല ഗായകരുടേയും കാര്യത്തിലെന്നപോലെ, ജാനകിയമ്മയുടേയും ആദ്യചിത്രം വെളിച്ചം കണ്‍ടില്ല. "എം.എല്‍.എ" എന്ന തെലുങ്ക് ചിത്രത്തിനുവേണ്ടി ശ്രീ ഘണ്ടശാല വെങ്കിടേശ്വരറാവുവിനൊത്ത് പാടിയ പാട്ടായിരുന്നു, ജാനകിയമ്മയുടെ സ്വരമാധുരിയില്‍ പുറത്തുവന്ന ആദ്യഗാനം.

ഒരു ഗാന റെക്കോഡിങ്ങിനിടയില്‍ നടന്ന കാര്യം ജാനകിയമ്മ വിവരിച്ചതോര്‍ക്കുന്നു. ഗാനത്തിനുവേണ്‍ടി ഷെഹണായ് വായിക്കുന്നത് സാക്ഷാല്‍ ബിസ്മില്ലാഖാന്‍. ജാനകിയമ്മയുടെ ആലാപനം കേട്ട് "വാഹ്, വാഹ്" എന്നു പറഞ്ഞുപോകുന്നു ഷെഹണായ് ചക്രവര്‍ത്തി. ഒടുവില്‍ ഷെഹണായ് വായിക്കേണ്‍ടകാര്യം, അദ്ദേഹത്തെ സംഗീതസംവിധായകന്‍ ഓര്‍മ്മിപ്പിക്കേണ്‍ടിവന്നു.

അതു പോലെ ശാരീരികാസ്വാസ്ഥ്യങ്ങളുടെ കൊടുമുടിയില്‍ നിന്നുകൊണ്‍ടാണ്, ഉഷാഖന്നയുടെ മൂടല്‍മഞ്ഞിനുവേണ്ടി പാടുന്നത്. അതേ, "മാനസമണിവേണുവില്‍", "ഉണരൂ വേഗം നീ" തുടങ്ങിയ എക്കാലത്തേയും ഹിറ്റുകള്‍ അങ്ങനെ "നൊന്തുപിറന്നവ"യാണ്‌.

ഇന്ത്യയിലെ മിക്കഭാഷകളിലും മാത്രമല്ല, ഇംഗ്ളിഷ്, ജാപ്പനീസ്, ജര്‍മ്മന്‍ എന്നീ വിദേശഭാഷകളിലും ഈ ഗായിക തന്‍റ്റെ കഴിവുതെളിയിച്ചു. ഏതുഭാഷയിലായാലും വരികള്‍ക്ക് ഭാവം നല്‍കിത്തന്നെയാണ്‌ ജാനകിയമ്മ പാടുന്നത്.

ശാരീരം, ശരീരാഭ്യാസങ്ങള്‍ക്കു വഴിമാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലും, സ്മൃതിയുടെ ഏടുകളില്‍ കുളുര്‍മഴ പെയ്യിച്ചുകൊണ്ട്, തന്‍റ്റേതായ തണുവിടത്തില്‍ ജാനകിയമ്മ നില്‍ക്കുന്നു. പേരാറ്റിന്‍ കടവില്‍വന്ന് മഞ്ഞളരച്ചുവെച്ചു നീരാടുവാനിറങ്ങിയ മഞ്ഞണിപ്പൂനിലാവിനെപ്പോലെ, ആ ഗാനങ്ങള്‍ തലമുറകളെ ചന്ദനക്കാറ്റായ് തഴുകുന്നു. നമ്മുടെ പ്രിയഗായികയ്ക്ക് ഇനിയും സ്വാസ്ഥ്യപൂര്‍ണ്ണമായ ദിനങ്ങള്‍ കൈവരട്ടെ എന്നാശംസിക്കാം.

സത്യശിവസൌന്ദര്യങ്ങളുടെ മേളനമായ ജീവിതത്തെ ഈ ഗാനങ്ങള്‍ എന്നും നവീകരിക്കട്ടെ. നമ്മുടെയിടയില്‍ ഈ ഗാനങ്ങള്‍ എന്നും സ്നേഹത്തിന്‍റ്റെ സുരഭിലവൃഷ്ടി നടത്തട്ടെ. ഈ നിത്യഹരിതഗാനങ്ങള്‍, ഋതുഭേദങ്ങളുടെ തല്ലും തലോടലുമേറ്റു കിടക്കുന്ന നമ്മുടെ ഭൂമിയെ നിത്യഹരിതയാക്കട്ടെ, അവളെ ദീര്‍ഘസുമംഗലയാക്കട്ടെ.

(ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍)================================================================

14 comments:

ബഹുവ്രീഹി said...

നല്ല പോസ്റ്റ് മാഷെ.

Unknown said...

ജാനകിയമ്മയുടെ ആ സ്വരമാധൂരി ഇന്നും നമ്മള്‍
വലിയ ഒരു അത്ഭുതം തന്നെയാണു.വര്‍ഷങ്ങള്‍ക്കുശേഷം ചാന്തു പൊട്ടിലെ ആഴക്കടിലിന്റെ ആഴങ്ങളിലെക്കു മലയാളി മനസിനെ കൂട്ടികൊണ്ടു പോയാ ആ സ്വരമാധൂര്യം എത്ര വര്‍ണ്ണീച്ചാലും മതി വരുകയില്ല

നിരക്ഷരൻ said...

ഈ നല്ല പോസ്റ്റിന് നന്ദി

മൂര്‍ത്തി said...

നന്ദി..ജാനകിയമ്മക്ക് പിറന്നാള്‍ ആശംസകള്‍..

അപ്പു ആദ്യാക്ഷരി said...

ഈ എഴുപതാം പിറന്നാളില്‍ ജാനകിയമ്മയ്ക്ക് ആശംസകള്‍ നേരുന്നു!. അവസരോചിതമായ പോസ്റ്റ്. നന്ദി!

ബൈജു (Baiju) said...

ബഹു മാഷേ, നന്ദി..............

അനൂപ്‌ മാഷേ, ആ ആലാപനം കേട്ട്, ആഴക്കടലും കോരിത്തരിച്ചിട്ടുണ്ടാവും. നന്ദി.

നിരക്ഷരന്‍ മാഷേ, ഇവിടെ വന്നതിനും പോസ്റ്റ് വായിച്ചതിനും നന്ദി.............

മൂര്‍ത്തി മാഷേ നന്ദി.............

അപ്പു മാഷേ, നന്ദി, വീണ്ടുംവരിക :)

-ബൈജു

ഗീത said...

ഏവരുടേയും പ്രിയഗായികക്ക് പിറന്നാളാശംസകള്‍...
ആ ശബ്ദമാധുരീസുധ ഈ ഭൂലോകത്ത് ഇനിയും ഏറെനാള്‍ പരന്നൊഴുകട്ടെ !
ബൈജുവിന്റെ പാട്ടൂകള്‍ എല്ലാം തന്നെ കേട്ടിട്ടുണ്ട്. നല്ല നല്ല രചനകളാണ് കേട്ടോ...

മൂര്‍ത്തി said...

ഇത് റീഡറിലൂടെ ഷെയര്‍ ചെയ്യാന്‍ നോക്കിയിട്ട് പറ്റിയില്ല. സെറ്റിങ്ങ്സില്‍ whether to allow feeds എന്നോ മറ്റോ ഒരു ഓപ്ഷന്‍ ഉണ്ട്..അത് അനുവദിക്കുക. അപ്പോള്‍ വായനക്കാര്‍ക്ക് റീഡറിലൂടെ സബ്സ്ക്രൈബ് ചെയ്ത് വായിക്കാന്‍ പറ്റും. നോക്കുമല്ലോ...
qw_er_ty

ബൈജു (Baiju) said...

മാഷേ, പറഞ്ഞമാറ്റം വരുത്തിയിട്ടുണ്ട്. ഇനി ശ്രമിച്ചു നോക്കുമോ?
നന്ദി
-ബൈജു

ബൈജു (Baiju) said...

ഗീതേച്ചി,

ആ പ്രാര്‍ത്ഥനയില്‍ ഞാനും പങ്കുചേരുന്നു.

പാട്ടുകള്‍ കേട്ടതിന്‌ നന്ദി :)

-ബൈജു

ശ്രീ said...

പോസ്റ്റ് നന്നായി, മാഷേ.
ജാനകിയമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍...

ബൈജു (Baiju) said...

ശ്രീ:

നന്ദി......................:) വീണ്ടും വരിക.

-ബൈജു

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ദി, നല്ലൊരു പോസ്റ്റിന്‍.. :)
ജാനകിയമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍..

ബൈജു (Baiju) said...

ശ്രീ കിച്ചു & ചിന്നു, നന്ദി............