Monday, September 21, 2009

നഗരം മഹാസാഗരം






വ്യക്തിപരമായി തനിയ്ക്ക്‌ ഏറെ പ്രിയപ്പെട്ടഗാനമായതിനാലാവും, മറവിയുടെ കയങ്ങളിൽ നീന്തിത്തളര്‍ന്ന അവസാനനാളുകളിലും, ആരെങ്കിലും ഒരു പാട്ടുപാടാൻ പറഞ്ഞാൽ:
"നഗരം നഗരം മഹാസാഗരം മഹാസാഗരം
കളിയും ചിരിയും മേലേ...............
ചളിയും ചുഴിയും താഴേ.............
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
പിരിയാൻ വിടാത്ത കാമുകി.........
പിരിയാൻ വിടാത്ത കാമുകി ..........." എന്ന് ഇടറിയ കണ്ഠത്തോടെയാണെങ്കിലും ഭാസ്കരൻ മാഷ്‌ പാടിയിരുന്നത്‌. പല്ലവിയിലെ അവസാന രണ്ടുവരികൾ:
"പറയാന്‍ പറ്റാത്ത കാമുകിപറയാന്‍ പറ്റാത്ത കാമുകി"--എന്നും അദ്ദേഹം മാറ്റിപ്പാടിയത്‌ മന:പൂര്‍വ്വമായിരുന്നോ എന്നറിയില്ല.

ജീവിതാനുഭവങ്ങൾ ഒരുപാടില്ലെങ്കിലും, ഉള്ളതിന്‍റ്റെ വെളിച്ചത്തിൽ, മൂന്നുനാലു നഗരങ്ങളിൽ മാറിമാറിത്താമസിച്ച എനിയ്ക്കറിയാം, മലയാളം കണ്ട എക്കാലത്തേയും മികച്ച ഗാനരചയിതാവ്‌ മേൽപ്പറഞ്ഞ ഗാനത്തിലൂടെ കോറിയിട്ടിരിക്കുന്നത്‌ എത്രമേൽ സത്യമാണെന്ന്. മഹാനഗരത്തിനെത്രയെത്ര മുഖങ്ങൾ! മാറോടടുക്കിപ്പിടിച്ചു വാത്സല്യം പകരുന്ന അമ്മയെപ്പോലെ, ഏകനായലയുമ്പോൾ ഒരു കൈതന്ന് സൗഹൃദക്കുളുർച്ഛായയിലേയ്ക്കാനയിച്ച സുഹൃത്തിനെപ്പോലെ, അനുരാഗസൗഗന്ധികങ്ങൾ വിടരുന്ന രാവില്‍വന്ന പ്രണയിനിയെപ്പോലെ, കാമനകൾക്കു ശാന്തിയേകി വഴിക്കണ്ണുമായ്‌ അടുത്താളേയും കാത്തിരിക്കുന്ന കച്ചവടക്കാരിയെപ്പോലെ...........അതേ, നഗരം സാഗരം തന്നെയാണ്‌, ഓരോതിരയിലും ഓരോമുഖം കാണിച്ചുകൊതിപ്പിച്ചു പിന്മടങ്ങുന്ന മഹാസാഗരം.

"കളിയും ചിരിയും മേലേചളിയും ചുഴിയും താഴേ"

അവളുടെ കളിയും ചിരിയും കണ്ട്‌ ഒരുപാടടുത്തുപോകുമ്പോൾ താഴെയുള്ള ചളിയും ചുഴിയും നാം കാണാൻ മറക്കരുത്‌. നഗരത്തെപ്പറ്റിമാത്രമാണോ ഭാസ്കരൻ മാഷ്‌ ഈ പറഞ്ഞിരിക്കുന്നത്‌? ഓരോമനുഷ്യനെപ്പറ്റിയുമല്ലേ.... ജീവിതത്തിൽ ഇന്നുമെത്രയെത്ര കാണുന്നൂ നാം കളിയും ചിരിയും ,ഒടുവിൽ ചളിയും ചുഴിയും.ഭാസ്കരന്‍ മാഷിന്‍റ്റെ എല്ലാപ്പാട്ടുകളേയുംപോലെ ശില്പഭം‌ഗിയാര്‍ന്നതാണ്‌ ഈ ഗാനവും എന്നത് എടുത്തുപറയേണ്ടതില്ലല്ലോ.

ആ മഹാസാഗരത്തില്‍ (ജീവിതമെന്ന സാഗരമോ) ചെന്നുചേര്‍ന്നവര്‍ ചെയ്യുന്നതോ?
"സ്നേഹിക്കുന്നൂ കലഹിക്കുന്നൂ
മോഹഭംഗത്തിലടിയുന്നൂ
നുരകൾതിങ്ങും തിരകളെപ്പോലേ
നരരാശികളിതിലലയുന്നൂ"

അതേ, സ്നേഹിച്ചും, കലഹിച്ചും, മോഹിച്ചും, മോഹഭംഗപ്പെട്ടും, നരരാശി ആ ജലരാശിയില്‍ അലയുന്നു. അതോ, അലിഞ്ഞുതീരുന്നോ? ജലത്തിലലിഞ്ഞ് സ്വയമില്ലാതാകുന്ന മീനെന്നപോലെ (soluble fish).

"കുതിച്ചുപായും നഗരിയിലൊരു ചെറു-
കൂര ചമയ്ക്കുവതെങ്ങനെ ഞാൻ
പാരാവാരത്തിരയിൽ എന്നുടെ
പവിഴദ്വീപു തകർന്നാലോ"--എന്ന് കേവലനായ മര്‍ത്യന്‍റ്റെ ആശങ്കകളോടെ ഗാനം അവസാനിക്കുന്നു.

1967ല്‍ പുറത്തിറങ്ങിയ നഗരമേ നന്ദി എന്ന ചിത്രത്തിലെ പാട്ടാണ്‌ നഗരം നഗരം എന്നത്. കെ രാഘവന്‍ മാഷിന്‍റ്റെ വ്യത്യസ്തഗാനങ്ങള്‍ കൊണ്ട്‌ സമ്പുഷ്ടമായിരുന്നു പ്രസ്തുത ചിത്രം. മഞ്ഞണിപ്പൂനിലാവ്, കന്നിരാവിന്‍ കളഭക്കിണ്ണം എന്നിവ ഉദാഹരണങ്ങളാണ്.

പകല്‍ മായാറായിരിക്കുന്നു....നഗരത്തില്‍ തിരക്കേറുന്നു....സഹസ്രമുഖങ്ങളിലും ഒരോരോ ഭാവങ്ങളോടെ അവള്‍ അടുത്തൊരു നിശയെ വരവേല്ക്കുന്നു.... തെല്ലു മാറിയിരുന്നു ഞാനും പാടുന്നു:
"നഗരം നഗരം മഹാസാഗരം മഹാസാഗരം..........................."
=================================================================

നഗരം നഗരം ---ഭാസ്കരന്‍ മാഷിന്‍റ്റെ ശബ്ദത്തില്‍:

9 comments:

ബൈജു (Baiju) said...

ഭാസ്കരന്‍ മാഷെ ഒന്നുകാണണമെന്നത് വലിയ ആഗ്രഹമായിരുന്നു...2005ല്‍ മാതൃഭൂമി സംഘടിപ്പിച്ച ഒരുപരിപാടിയില്‍ പങ്കെടുക്കുവാന്‍ അദ്ദേഹം കോഴിക്കോട്ടെത്തിയപ്പോള്‍ അതു സാധിച്ചു. ഒരു ഗാനരചയിതാവ് എന്നെന്നും മോഹിക്കുന്ന തൂലികയ്ക്കുടമയായിരുന്ന ഭാസ്കരന്‍ മാഷെ സ്നേഹത്തോടെ ഓര്‍ക്കുന്നു.....

മീര അനിരുദ്ധൻ said...

ഭാസ്കരൻ മാഷിന്റെ ശബ്ദം ഞങ്ങളെ കൂടി കേൾപ്പിച്ചതിലുള്ള നിസ്സീമമായ നന്ദി ഇവിടെ അറിയിക്കട്ടെ.നഗരം നഗരം മഹാസാഗരം എനിക്കും ഏറെ പ്രിയപ്പെട്ട ഒരു പാട്ടാണു.

Kiranz..!! said...

മനോഹരമായ ഒരു സംഗീത ശൈലി ഉണ്ട് ബൈജുവിന്റെ എഴുത്തിന്.സൂക്ഷ്മമായ നിരീക്ഷണങ്ങൾ അതിനു മേമ്പൊടി ചാർത്തുന്നു.തേച്ചു മിനുക്കിയെടുത്താൽ ഇത് ഒരു സംഗീതാ‍സ്വാദനകോളമാക്കാം..!

പാമരന്‍ said...

oh great maashe. kiranz nte abhiprayam thanne enikkum.

G. Nisikanth (നിശി) said...

നുരകൾതിങ്ങും തിരകളെപ്പോലേ
നരരാശികളിതിലലയുന്നൂ"

.....നരരാശി ആ ജലരാശിയില്‍ അലിഞ്ഞുതീരുന്നു--ജലത്തിലലിഞ്ഞ് സ്വയമില്ലാതാകുന്ന മീനെന്നപോലെ (soluble fish).

അലയുന്നു എന്നോ അലിയുന്നു എന്നോ...രണ്ടിനും രണ്ടർത്ഥമല്ലേ... (അലയുന്നു എന്നാണ് ശരിയെന്ന് എനിക്കു തോന്നുന്നു) അപ്പോൾ നരരാശി ആ ജലത്തിൽ അലിഞ്ഞു ചേരുന്നു എന്നു പറയുന്നതു ശരിയാകുമോ?

എഴുത്തിഷ്ടപ്പെട്ടു... മലയാള ഗാനങ്ങളുടെ ആസ്വാദനം തയ്യാറാക്കുന്നത് നല്ലതാണ്... തുടരുക....

സസ്നേഹം
നിശി

ബൈജു (Baiju) said...

മീര അനിരുദ്ധൻ: അഭിപ്രായമറിയിച്ചതിനു നന്ദി...സന്തോഷം...:)

Kiranz..!! : വളരെ സന്തോഷം മച്ചാ....., ഇതിനു പിന്നിലും ഭവാന്‍റ്റെ ഒരു പ്രേരണ ഉണ്ടല്ലോ.....

പാമരന്‍: നന്ദി മാഷേ....സന്തോഷം :)

ചെറിയനാടൻ: മാഷ് പറഞ്ഞതു ശരി. ഭാസ്കരന്‍ മാഷ് തന്‍റ്റെ പാട്ടില്‍ തെറ്റുവരുത്തില്ല...ഇതു എന്‍റ്റെ നോട്ടപ്പിശകാണ്. അതുപറഞ്ഞുതന്നതിന്‌ ഇനി നാട്ടീന്നു കാണുമ്പോ പെശല്‍ ചായ....

Anil cheleri kumaran said...

നന്ദി.

സബിതാബാല said...

ആ ശബ്ദത്തിന് നന്ദി.

ബൈജു (Baiju) said...

കുമാരന്‍, സബിതാബാല: നന്ദി...സന്തോഷം...:)