
ക്രൂശിതനായൊരു പുത്രന്റ്റെയോര്മ്മയില്
വ്യാകുലയായീടുമമ്മയെപ്പോല്
ഈ പള്ളിമേടയില്‍ താനേയുരുകുന്നൂ
കാറ്റിലണയാമെഴുതിരികള്-കൊടും
കാറ്റിലണയാമെഴുതിരികള്
വിണ്ണിന്റ്റെ കാരുണ്യധാരയിതാകവേ
മണ്ണിലേയ്ക്കൊന്നിങ്ങിറങ്ങിവന്നോ
കണ്ചിമ്മിനില്ക്കുമീ താരവിളക്കുകള്‍
കന്യതന്പുത്രന്റ്റെയോര്മ്മകള്പോല്
*ക്രിസ്തുവാംകൃഷ്ണന്റ്റെ ഗീതികള്‍ പാടവേ
നല്ലൊലിവിന്ചില്ലപൂത്തുവെന്നോ
ദൂരേഹരിനാമം പാടിനിന്നീടുന്ന
വൃന്ദകളാകെത്തളിര്ത്തുവെന്നോ -ആ
വൃന്ദകളാകെത്തളിര്ത്തുവെന്നോ
പൊന്മുളംതണ്ടിനെ ചുംബിച്ചുണര്‍ത്തുന്ന
നല്ലിളംകാറ്റിന്റ്റെ കൈകള്പോലേ
പീഡിതര്തന് മുറിപ്പാടുകളാകവേ
നീയുഴിഞ്ഞില്ലാതെയാക്കിയല്ലോ
തീര്‍ന്നുപോയ് വീഞ്ഞെന്ന വാര്ത്തയറിയവേ
നീരിനെ വീഞ്ഞാക്കി യേശുദേവന്
സ്രഷ്ടാവിനെമുന്നില് കണ്ടോരുവേളയില്
സൃഷ്ടിയാം വെള്ളം തുടുത്തുപോയോ-തവ
സൃഷ്ടിയാം വെള്ളം തുടുത്തുപോയോ
==============
* കടപ്പാട്: മഹാകവി വള്ളത്തോള്‍


3 comments:
ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍...
ക്രിസ്മസ് ആശംസകള്‍...
പഥികന്: നന്ദി, പുതുവര്‍ഷാശംസകള്‍!
Post a Comment